Marakkar

Marakkar: The Lion of The Arabian Sea

മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന സിനിമ പെട്ടെന്നൊരുനാൾ പൊട്ടിമുളച്ചതല്ല എന്നു പറയുന്നു സിനിമ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത പ്രിയദർശൻ. കുഞ്ഞുനാളിലേ വായിച്ചാരാധിച്ച കുഞ്ഞാലിമരക്കാരെക്കുറിച്ച് സിനിമയെടുക്കണം എന്ന സ്വപ്നം വർഷങ്ങളോളം കൊണ്ടുനടന്നു. പലപ്പോഴും പലപല പ്രതിബന്ധങ്ങളിൽത്തട്ടി പിന്മാറി. അപ്പോഴെല്ലാം വായനയിലൂടെ യഥാർഥ കുഞ്ഞാലിയെ അന്വേഷിച്ചുകൊണ്ടിരുന്നു. ഒടുവിൽ കാലവും കാറ്റും ഒത്തുവന്നപ്പോൾ ആ സിനിമ സാക്ഷാത്കൃതമായി...

സ്കൂളിൽ പഠിക്കുന്ന സമയത്താണ് മാർത്താണ്ഡവർമ, പഴശ്ശിരാജ, കുഞ്ഞാലി മരക്കാർ, വേലുത്തമ്പി ദളവ എന്നിവരെക്കുറിച്ചെല്ലാം ഞാനറിയുന്നത്. അവരുടെ ജീവിതകഥ അറിയുമ്പോൾ ഉള്ളിൽ അറിയാതെ രാജ്യസ്നേഹത്തിന്റെ വിളക്ക് പ്രകാശിക്കുന്നത് ഞാൻ അനുഭവിച്ചിട്ടുണ്ട്. അന്ന് വായിച്ചവയിൽ ഏറെ കൗതുകം തോന്നിയതും സ്വാധീനിച്ചതും മരക്കാരുടെ കഥയാണ്. കടലും കപ്പൽയുദ്ധവുമെല്ലാം നിറയുന്ന ആ കഥ അദ്ഭുതത്തോടെ ഞാൻ പലതവണ വായിച്ചിട്ടുണ്ട്. എന്നാൽ, സ്കൂൾകാലം കഴിഞ്ഞപ്പോൾ ഞാനത് വിട്ടു. പിന്നീട് കാലങ്ങൾക്കിപ്പുറം കാലാപാനി റിലീസ് ചെയ്ത് മൂന്നുവർഷം കഴിഞ്ഞപ്പോൾ ഒരുദിവസം മോഹൻലാൽ എന്നോട് ചോദിച്ചു: ‘ ‘ നമുക്ക് വേറൊരു കാലാപാനി എടുക്കേണ്ടേ പ്രിയാ..?’ ’

ഞാൻ ഈ കാര്യം ടി. ദാമോദരൻ മാഷോട് സൂചിപ്പിച്ചു. മാഷിന് ചരിത്രത്തിൽ ആഴത്തിലുള്ള അറിവുണ്ടായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ ‘ പ്രിയാ, തന്റെ മനസ്സിലുള്ളതു പോലൊരു വലിയ സിനിമ എടുക്കണമെങ്കിൽ കുഞ്ഞാലിമരക്കാരെ കുറിച്ചാവട്ടെ. കാരണം, കപ്പൽയുദ്ധംപോലെ സ്ക്രീനിൽ അദ്ഭുതക്കാഴ്ചകൾ സൃഷ്ടിക്കാൻ സാധിക്കുന്ന സംഭവങ്ങൾ മരക്കാരുടെ ജീവിതത്തിലുണ്ട്.’ ’ മാഷിന്റെ ആ അഭിപ്രായം എന്റെ മനസ്സിലേക്ക് കുട്ടിക്കാലത്ത് വായിച്ച ആ വീരപുരുഷനെ വീണ്ടും കൊണ്ടുവന്നു. മരക്കാരിന്റെ ചരിത്രം മാഷ് വളരെ വിശദമായി എനിക്ക് പറഞ്ഞുതന്നു. എന്നാൽ, മനസ്സിൽ കാണുന്നപോലൊരു സിനിമ ഒരുക്കണമെങ്കിൽ വമ്പൻ ബജറ്റും കാൻവാസുമൊക്കെ വേണ്ടിവരുമെന്നതിനാൽ ഞങ്ങൾ അന്ന് ആ സിനിമ ഉപേക്ഷിച്ചു. തട്ടിക്കൂട്ടി എടുക്കുന്നതിൽ എനിക്കും ലാലിനും താത്പര്യവുമില്ലായിരുന്നു.

നാളുകൾ വീണ്ടും കടന്നുപോയി. ഒരുദിവസം മോഹൻലാൽ വീണ്ടും എന്നോട് ചോദിച്ചു: ‘ ‘ നമുക്ക് കുഞ്ഞാലിമരക്കാർ എടുക്കേണ്ടേ പ്രിയാ..?’ ’ ആ സമയത്ത് പലരും മരക്കാർ സിനിമയാക്കുന്നു എന്ന് വാർത്തകൾ വരുന്നുണ്ടായിരുന്നു. ലാലിന്റെ താത്പര്യം എനിക്ക് മനസ്സിലായെങ്കിലും അതിന്റെ ബുദ്ധിമുട്ടുകൾ ഞാൻ തുറന്നുപറഞ്ഞു: ‘ ‘ ലാലേ, എടുക്കുന്നുണ്ടെങ്കിൽ നന്നായി എടുക്കണം. അതിനാവശ്യമായ ബജറ്റ് വേണം.’ ’‘ 
‘ എത്ര ബജറ്റ് വേണ്ടിവരും..?’ ’ ലാൽ ചോദിച്ചു.ഞാൻ അന്ന് പറഞ്ഞ ബജറ്റ് കേട്ടപ്പോൾത്തന്നെ ‘ ‘ അയ്യോ ഇത്ര വലുതൊന്നും നമുക്ക് ശരിയാകില്ല’ ’ എന്ന് ലാൽ സമ്മതിച്ചു. പിന്നെയും മരക്കാർ പലതവണ ചർച്ചയിലേക്ക് വരുകയും പോകുകയും ചെയ്തുകൊണ്ടേയിരുന്നു. ദാമോദരൻ മാഷിന്റെ മരണശേഷവും ഞാൻ മരക്കാരിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ അവസാനിപ്പിച്ചില്ല. അദ്ദേഹം തന്ന അറിവുകളിലൂടെ മുന്നോട്ടുതന്നെ സഞ്ചരിക്കാൻ തീരുമാനിച്ചു; എപ്പോഴെങ്കിലും മരക്കാർ സാധ്യമാകുകയാണെങ്കിൽ സംവിധാനം ചെയ്യാം എന്ന പ്രതീക്ഷയോടെ.
മറ്റു സിനിമകൾ ചെയ്യുന്നതിനിടയിലും പുസ്തകങ്ങൾ വായിച്ചുകൊണ്ടിരുന്നു.

 ആദ്യം വായിച്ചത് തിക്കോടിയന്റെ ‘ പുതുപ്പണം കോട്ട’ എന്ന നാടകമാണ്, പിന്നെ അദ്ദേഹത്തിന്റെതന്നെ ‘ ചുവന്ന കടൽ’ എന്ന നോവൽ. കെ.വി. കൃഷ്ണയ്യരുടെ ‘ THE ZAMORINS OF CALICUT-FROM THE EARLIEST TIMES DOWN TO A.D. 1806’ , എൻ.എം. നമ്പൂതിരിയുടെ ‘ മലബാർ പഠനങ്ങൾ-സാമൂതിരി നാട്’ , ‘ സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ’ , കെ.പി. പദ്മനാഭമേനോന്റെ ‘ കൊച്ചിരാജ്യ ചരിത്രം’ , വില്യം ലോഗന്റെ ‘ മലബാർ മാന്വൽ’ , ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ ‘ തുഹ്ഫത്തുൽ മുജാഹിദീൻ’ , വടക്കൻ പാട്ടുകൾ, ഡോ. എം.ജി.എസ്. നാരായണന്റെ ‘ കോഴിക്കോടിന്റെ കഥ’ യടക്കമുള്ള പുസ്തകങ്ങൾ, ഡോ. കെ.കെ.എൻ. കുറുപ്പിന്റെ ‘ കുഞ്ഞാലിമരയ്ക്കാർ’ , കെ. ബാലകൃഷ്ണക്കുറുപ്പിന്റെ ‘ കോഴിക്കോടിന്റെ ചരിത്രം’ , പി.കെ. ബാലകൃഷ്ണന്റെ ‘ ജാതിവ്യവസ്ഥയും കേരള ചരിത്രവും’ മറ്റൊരു കാലത്തെക്കുറിച്ചാണെങ്കിലും ‘ സാമുവൽ മെറീറ്ററുടെ ‘ ഞാൻ കണ്ട കേരളം’ എന്നിങ്ങനെ ഒട്ടേറെ പുസ്തകങ്ങൾ. ഈ വായനയിൽനിന്ന്, സിനിമയിൽ ചരിത്രം വിശ്വസനീയമായ രീതിയിൽ ചിത്രീകരിക്കുക എന്നതാണ് പ്രധാനവെല്ലുവിളി എന്ന് ഞാൻ തിരിച്ചറിഞ്ഞു. 

കൂടുതൽ പുസ്തകങ്ങൾ വായിച്ചപ്പോൾ അറേബ്യൻ ചരിത്രത്തിൽ കുഞ്ഞാലിമരക്കാർക്ക് ദൈവത്തിന്റെ സ്ഥാനമാണെന്നും അതേസമയം, പോർച്ചുഗീസ് ചരിത്രത്തിൽ മരക്കാർ വളരെ വൃത്തികെട്ടവനായ കടൽക്കൊള്ളക്കാരനാണെന്നും മനസ്സിലായി. രണ്ടു ചരിത്രങ്ങളിൽ, ഒരേ ആളിന്റെ രണ്ടുമുഖങ്ങൾ. ചരിത്രത്തെപ്പറ്റി എപ്പോഴും പറയുന്നത് ‘ History is written by the victor’ (വിജയിക്കുന്നവനാണ് ചരിത്രമെഴുതുന്നത്) എന്നാണ്. അങ്ങനെ നോക്കുമ്പോൾ അറേബ്യൻ ആണോ പോർച്ചുഗീസ് ആണോ ശരിയായ ചരിത്രം എന്ന് വീണ്ടും അന്വേഷിച്ചു, സന്ദേഹിച്ചു.

കുറെ ചരിത്രം വായിച്ചപ്പോൾ എനിക്ക് കൂടുതൽ ചിന്താക്കുഴപ്പമായി. കാരണം ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. നാല് കുഞ്ഞാലിമാരുണ്ട് എന്നാണ് ചരിത്രരേഖകളിൽ പറയുന്നത്. എന്നാൽ, ഇവർ നാലുപേരും തമ്മിലുള്ള ബന്ധം രേഖകളിൽനിന്ന് വ്യക്തമല്ല. അതുപോലെ ഇരിങ്ങൽ കോട്ട എവിടെയാണെന്ന് അന്വേഷിച്ചപ്പോൾ അതിന്റെ ഒരുകല്ലുപോലും കണ്ടെത്താനായില്ല. പദ്മനാഭസ്വാമി ക്ഷേത്രത്തിൽ 13-ാം നൂറ്റാണ്ടുമുതലുള്ള ചരിത്രരേഖകളുണ്ട്, തിരുവിതാംകൂറിന്റെ ചരിത്രം ലഭ്യമാണ്. എന്നാൽ, 1500 മുതൽ 1600 വരെയുള്ള ചരിത്രത്തിന്റെ അവശേഷിപ്പുകളൊന്നും കോഴിക്കോട്ടില്ല എന്നതാണ് വൈരുധ്യം. ആകെ അവശേഷിക്കുന്നത് തളിക്ഷേത്രം മാത്രമാണ്; കടൽപ്പാലത്തിന്റെ അവശിഷ്ടവും. സാമൂതിരി കൊട്ടാരത്തെക്കുറിച്ചുപോലും ആർക്കും വ്യക്തതയില്ല. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ കെ.കെ. മുഹമ്മദിനോട് ചോദിച്ചപ്പോൾ അത് നശിച്ചുപോയിരിക്കാം എന്നാണു പറഞ്ഞത്. എങ്കിലും കേരളംകണ്ട ഏറ്റവും വലിയ ചക്രവർത്തിയുടെ കൊട്ടാരം എവിടെയാണ് നിന്നിരുന്നത് എന്നതിന് എന്തെങ്കിലും ഒരു വ്യക്തത വേണമല്ലോ. അതില്ല.അതുപോലെ മരക്കാരും സാമൂതിരിയും എന്തിനാണ് തെറ്റിയത് എന്നതിനെക്കുറിച്ചും വ്യക്തമായൊരു വിശദീകരണം ചരിത്രത്തിലില്ല. ആകെ പറയുന്നത് സാമൂതിരിയുടെ ആനയുടെ വാൽ കുഞ്ഞാലിമരക്കാർ വെട്ടി എന്നതാണ്. എന്നാൽ, എന്തിനാണ് മരക്കാർ ആ വാൽ വെട്ടിയതെന്ന് ആർക്കും അറിയില്ല. ഞാൻ വായിച്ച ചരിത്രത്തിലൊന്നും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായില്ല. വടക്കൻപാട്ടുകളിൽ മരക്കാർ, തച്ചോളി ഒതേനനെ കണ്ടിട്ടുണ്ടെന്നും അവർ സുഹൃത്തുക്കളായിരുന്നെന്നും പറയുന്നുണ്ട്. അതിലും പല ചോദ്യങ്ങൾക്കും ഉത്തരമില്ലായിരുന്നു.ചരിത്രത്തിൽ മരക്കാരുടെ ജീവിതത്തിലെ ചില സൂചനകൾ മാത്രമാണ് അവശേഷിച്ചിട്ടുള്ളത് എന്നെനിക്ക് ബോധ്യമായി. അതൊന്നും പൂർണവുമല്ല. മരക്കാരെ പിടികൂടി ഗോവയിൽ കൊണ്ടുപോയി ഗിലറ്റിൻ (ശിരച്ഛേദനം) ചെയ്താണ് കൊലപ്പെടുത്തിയത്. അങ്ങനെ കൊലപ്പെടുത്തുന്ന രീതി അന്ന് പോർച്ചുഗീസുകാർക്ക് ഉണ്ടായിരുന്നില്ല. മരക്കാരെ കൊല്ലാനായി അവർ ശിരച്ഛേദനയന്ത്രം ഉണ്ടാക്കുകയും ഗോവയിൽ ഒരുപാടുപേരുടെ മുന്നിൽ പ്രദർശിപ്പിച്ച് ശിക്ഷ നടപ്പാക്കുകയുമാണ് ചെയ്തത്. കൊന്നതിനുശേഷം തല ഗോവയിലും കാലുകൾ കണ്ണൂരുമൊക്കെയാണ് പ്രദർശിപ്പിച്ചതെന്നും രേഖകൾ പറയുന്നു. ഇങ്ങനെ എന്റെ മനസ്സിലെ വീരപുരുഷനെക്കുറിച്ചുള്ള അപൂർണവും വിരുദ്ധവുമായ അറിവുകളുടെ കൂമ്പാരത്തിന് നടുവിലിരുന്നാണ് ഞാൻ എന്റെ മരക്കാരെ സങ്കല്പിക്കാൻ തുടങ്ങിയത്. പൂരിപ്പിക്കപ്പെടേണ്ട ഒരു ജീവിതത്തെ ഞാൻ മനസ്സിൽക്കണ്ടു. എഴുതപ്പെട്ട ചരിത്രത്തിന്റെ പഴുതുകളിലൂടെ സഞ്ചരിച്ചു, സാമാന്യ യുക്തി ഉപയോഗിച്ചു, മനുഷ്യബന്ധങ്ങളിലെ സാർവകാലികതയിൽ വിശ്വസിച്ചു. ഇങ്ങനെയിങ്ങനെ എഴുതിവന്നപ്പോൾ 30 ശതമാനം ചരിത്രവും 70 ശതമാനം ഭാവനയുമായി ‘ മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ. ഇത് ചരിത്രത്തിന്റെ തനിപകർപ്പല്ല; മറിച്ച് ഒരു മുത്തശ്ശിക്കഥപോലെ മരക്കാർ എന്ന വീരനായകനെ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. വ്യക്തവും പൂർണവുമായി എഴുതപ്പെട്ട ചരിത്രമില്ലാത്തതിനാൽ എഴുത്തുകാരന്റെയും സംവിധായകന്റെയും സ്വാതന്ത്ര്യം ഈ സിനിമയിൽ ആവോളമുണ്ട്.
 സാധാരണക്കാരായ പ്രേക്ഷകർക്കുവേണ്ടിയാണ് ഈ സിനിമ എടുക്കുന്നത് എന്ന തീരുമാനത്തിലാണ് കഥ എഴുതിയത്. സിനിമ കണ്ടിറങ്ങുന്ന സാധാരണക്കാരന്റെ മനസ്സിൽ കുഞ്ഞാലിമരക്കാർ എന്ന വീരപുരുഷനെ പ്രതിഷ്ഠിക്കാൻ സാധിക്കണം. അവനവൻ ജനിച്ചുവളർന്ന മണ്ണാണ് അവനവന്റെ അമ്മ എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം. ആ സന്ദേശവും വൈകാരികതയും മരക്കാർ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും അനുഭവിക്കാൻ സാധിക്കും എന്നാണെന്റെ വിശ്വാസം. ഇങ്ങനെയല്ലാതെ ഇതെടുത്താൽ മരക്കാർ ഒരു ഡോക്യുമെന്ററി മാത്രമായി മാറും.ഈ സിനിമയിലുള്ള കഥാപാത്രങ്ങളിൽ ഭൂരിഭാഗവും യഥാർഥ കഥാപാത്രങ്ങൾ തന്നെയാണ്. സാമൂതിരി, മങ്ങാട്ടച്ചൻ, വെള്ളത്തിരി നായന്മാർ, ചിന്നാലി അങ്ങനെ എല്ലാവരും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടവർ തന്നെയാണ്. ചിന്നാലിയെക്കുറിച്ച് രണ്ടു ചരിത്രമുണ്ട്: കുഞ്ഞാലിക്കൊപ്പം ചിന്നാലിയെയും പോർച്ചുഗീസ് പിടിച്ചെന്നാണ് ഒന്ന്. അതുപോലെ മരക്കാർ ഒരു കപ്പൽ ആക്രമിച്ചപ്പോൾ അവിടെനിന്ന് കിട്ടിയ ചൈനീസ് അടിമയാണ് ചിന്നാലിയെന്നും പറയപ്പെടുന്നു. പിന്നീട് മരക്കാരുടെ വലംകൈപോലെ ചിന്നാലി മാറി എന്നാണ് പറയപ്പെടുന്നത്. തടവിലാക്കി ഗോവയിലേക്ക് കൊണ്ടുപോയപ്പോൾ പോർച്ചുഗീസുകാർ കുഞ്ഞാലിക്കും ചിന്നാലിക്കും മുന്നിൽ രക്ഷപ്പെടാൻ ഒരു ഓഫർ മുന്നോട്ടുവെച്ചു. ക്രിസ്ത്യൻ മതത്തിലേക്ക് മാറിയാൽ ഇരുവരെയും കൊല്ലാതിരിക്കാം എന്നായിരുന്നു അത്. കുഞ്ഞാലി ആ വാഗ്ദാനം നിരസിച്ചപ്പോൾ ചിന്നാലി അത് സ്വീകരിച്ചെന്നും ചരിത്രം പറയുന്നുണ്ട്. എന്നാൽ, മറ്റു ചില രേഖകൾ പറയുന്നത് യുദ്ധത്തിൽത്തന്നെ ചിന്നാലി കൊല്ലപ്പെട്ടിരുന്നു എന്നാണ്. ഇങ്ങനെ പല വാദങ്ങളുള്ളതിനാൽ എന്റേതായ സ്വാതന്ത്ര്യം ആ കഥാപാത്രത്തിന്റെ കാര്യത്തിൽ സ്വീകരിച്ചിട്ടുണ്ട്. അതുപോലെ, പ്രഭു ചെയ്യുന്ന കഥാപാത്രത്തെ ഞാൻ ഭാവനയിൽനിന്ന് സൃഷ്ടിച്ചതല്ല. മരക്കാരിന് വള്ളങ്ങൾ നിർമിച്ചുനൽകുന്ന ഒരു തമിഴനുണ്ടായിരുന്നു എന്ന് രേഖകൾ പറയുന്നുണ്ട്. ആ തമിഴനെ നാട്ടുരാജാക്കന്മാർ കൊന്നുകളഞ്ഞതാണെന്ന് പറയപ്പെടുന്നു.

 സിനിമയിലെ സ്ത്രീകഥാപാത്രങ്ങളിൽ ഭൂരിഭാഗവും എന്റെ ഭാവനയിൽ ജനിച്ചവരാണ്.ഈ സിനിമ ചിത്രീകരണത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി ആർട്ട് ഡയറക്ഷനും വിഷ്വൽ ഇഫക്ട്സും തന്നെയായിരുന്നു. മികച്ച രീതിയിൽ രണ്ടും വന്നില്ലെങ്കിൽ സിനിമ പാളിപ്പോകും. സാബു സിറിൾ പ്രൊഡക്ഷൻ ഡിസൈൻ ഏറ്റെടുത്തതോടെ ആ വെല്ലുവിളി മറികടക്കാൻ സാധിച്ചു. കാരണം, ഇന്ന് ഇന്ത്യയിലുള്ളവരിൽ ഏറ്റവും മികച്ച പ്രൊഡക്ഷൻ ഡിസൈനറാണ് സാബു. സാബുവിന്റേതായ സ്വാതന്ത്ര്യം ഡിസൈനിൽ എടുക്കാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. 

സിനിമയുടെ ട്രെയ്ലർ ഇറങ്ങിയപ്പോൾ പലരും ഉന്നയിച്ച വിമർശനം മരക്കാരുടെ മുഖത്ത് ഗണപതിയുടെ രൂപം പതിച്ചുവെച്ചിരിക്കുന്നു എന്നതാണ്. ശരിക്കും പറഞ്ഞാൽ അത് ഗണപതിയല്ല, മറിച്ച് സാമൂതിരിയുടെ കൊടിയടയാളമായ ആനയാണ്.ഇന്ന് കേരള ഗവൺമെന്റിന്റെ അടയാളമായ ആനയും ശംഖും ആ ചരിത്രത്തിൽനിന്ന് വന്നതാവാം. സാമൂതിരിയുടെ ആനയും തിരുവിതാംകൂറിന്റെ ശംഖും ചേർന്നാണ് കേരളത്തിന്റെ ഇന്നത്തെ മുദ്ര ഉണ്ടാക്കിയത് എന്നു പറയപ്പെടുന്നു. അതുകൊണ്ടാണ് കൊടിയടയാളമായ ആന മരക്കാരിന്റെ മുഖത്ത് വന്നത്. ആനയെ കണ്ടാൽ അത് ഗണപതിയല്ലെന്ന് തിരിച്ചറിയാനുള്ള ചരിത്രബോധം പലർക്കുമില്ലാത്തതിന്റെ പ്രശ്നമാണത്. 

രണ്ടാമത്തെ കാര്യം ടെലിസ്കോപ്പിനെക്കുറിച്ചുള്ള വിമർശനമായിരുന്നു. ഗലീലിയോ ടെലിസ്കോപ്പ് കണ്ടുപിടിച്ച 17-ാം നൂറ്റാണ്ടിലാണ്, പിന്നെ എങ്ങനെ 16-ാം നൂറ്റാണ്ടിൽ ജീവിച്ച മരക്കാരിന് അത് ഉപയോഗിക്കാൻ പറ്റും എന്നായിരുന്നു ചോദ്യം. അതിന്റെ ഉത്തരം ഗലീലിയോ 17-ാം നൂറ്റാണ്ടിൽ കണ്ടുപിടിച്ചത് ആസ്ട്രോണമിക്കൽ ടെലിസ്കോപ്പാണ്, അതിനു മുമ്പേ 13-ാം നൂറ്റാണ്ടിൽത്തന്നെ ടെറസ്ട്രിയൽ ടെലിസ്കോപ്പ് കണ്ടുപിടിച്ചിരുന്നു എന്നാണ്. മരക്കാർ ഉപയോഗിക്കുന്നത് ഈ ടെറസ്ട്രിയൽ ടെലിസ്കോപ്പാണ്.സാമൂതിരിയോട് മങ്ങാട്ടച്ചനാണ് നമുക്കും നാവികസേന വേണം എന്ന് ആവശ്യം മുന്നോട്ട് വയ്ക്കുന്നത് എന്ന് പറയപ്പെടുന്നു. ആ കാലത്ത് സുഗന്ധ വ്യഞ്ജനങ്ങൾ വലിയതോതിൽ ഈജിപ്തിലേക്ക് സാമൂതിരി കയറ്റുമതി ചെയ്തിരുന്നു. അതിന് പ്രതിഫലമായി തിരിച്ചുമേടിച്ചത് വലിയ കപ്പലുകളായിരുന്നു. അതുകൊണ്ട് സാമൂതിരിയുടെ കപ്പലുകൾക്കെല്ലാം അറേബ്യൻ ഡിസൈനായിരുന്നു.ചരിത്രത്തിൽ പറയുന്ന ഏറെ രസകരമായ ഒരുസംഭവവുമുണ്ട്. ആദ്യമായി സാമുതിരിയെ കണ്ടപ്പോൾ വാസ്കോഡ ഗാമ ചിരിച്ചുപോയെന്ന്. കാരണം അത്രയധികം സ്വർണവും കമ്മലും വജ്ജ്രവുമെല്ലാം ധരിച്ചതിനാൽ തന്റെ മുന്നിൽ നിൽക്കുന്നത് പുരുഷനാണോ സ്ത്രീയാണോ എന്ന് ഗാമയ്ക്ക് മനസ്സിലായില്ലെന്നാണ് പറയുന്നത്. അതിന്റെ ഒരു പെയിന്റിങ് ഇപ്പോഴും നമുക്ക് കാണാൻ സാധിക്കും. സിംഹാസനത്തിൽ ഇരിക്കുന്ന സാമൂതിരിയെ ഗാമ വണങ്ങുന്ന പെയിന്റിങ്ങാണ്. ഇതാണ് നമുക്ക് കൊട്ടാരത്തെ കുറിച്ചും സാമൂതിരിയെ കുറിച്ചുമെല്ലാം ഏക തെളിവ്. ആ കാലഘട്ടത്തിൽ തന്നെയാണ് തളി ക്ഷേത്രവും നിർമിച്ചിരിക്കുന്നത്.

പ്രിയദർശൻ മാതൃഭൂമി വാരാന്തപ്പതിപ്പിൽ ഇന്നെഴുതിയ - 
"എൻ്റെ മരക്കാർ, ലാലിൻ്റേയും ( ഇനി നിങ്ങളുടേയും ) "എന്ന ലേഖനത്തിൽ നിന്നും.

Popular Posts